Saturday, May 5, 2012

മാലാഖമാരുടെ നിലവിളി !


ലക്ഷക്കണക്കിന് രൂപ ബാങ്ക് ലോണ്‍ എടുത്ത് നേടിയ ഉന്നത വിദ്യാഭാസം നേഴ്സുമാരെ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും തള്ളി വിടുന്നു.  

ബോണ്ടിന്റെ പേരില്‍ ഭീഷണിപ്പെടുത്തി, അടിച്ചുതളിക്കുന്ന ജോലിവരെ ചെയ്യിക്കുന്ന ദയനീയകാഴ്ചയാണ് ബലരാമന്‍ കമീഷന്‍ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്ട്രെയ്നിങ് എന്ന പേരില്‍ നോണ്‍ നേഴ്സിങ് ജോലികള്‍ ചെയ്യിക്കുന്നു. വീട്ടുജോലിക്ക് നില്‍ക്കുന്നവരേക്കാള്‍ കുറഞ്ഞ വേതനം നല്‍കുന്നു. 

മാനേജ്മെന്റിനെതിരെ ശബ്ദിക്കാതിരിക്കാന്‍ നേഴ്സുമാര്‍ വസ്ത്രം മാറുന്ന സ്ഥലത്തും വിശ്രമമുറികളിലും ഒളിക്യാമറ വച്ചതായും വെളിപ്പെട്ടിരിക്കുന്നു !!

രാത്രി ഷിഫ്റ്റടക്കം 15മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യിക്കുന്നു. കൂടാതെ, അടുത്തദിവസം രാവിലെ ജോലിക്ക് എത്തണമെന്നും നിഷ്കര്‍ഷിക്കുന്നു. നാല് രോഗികള്‍ക്ക് ഒരു നേഴ്സ് എന്ന അനുപാതം പാലിക്കുന്നില്ല.   40 രോഗികളെവരെ ഒരു നേഴ്സ് പരിചരിക്കേണ്ടിവരുന്നു.  

പ്രസവാവധി ഒഴിവാക്കാന്‍ വിവാഹം കഴിഞ്ഞവരെ ജോലിക്കെടുക്കില്ല !  നേഴ്സുമാര്‍ക്ക് പകര്‍ച്ചവ്യാധികള്‍ പിടിപെടുമ്പോള്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സ നല്‍കുന്നില്ല.

നേഴ്സിങ് കോളേജുകളില്‍ സീറ്റ് നിറയ്ക്കാന്‍ സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നു. പിന്നീട് കോഴ്സ് കഴിഞ്ഞശേഷം ബോണ്ട് വ്യവസ്ഥയില്‍ ജോലിക്കുനിര്‍ത്തും. മാനസികമായും ശാരീരികമായും പീഡനത്തിന് ഇരയാകുന്നതില്‍  കൂടുതലും ദരിദ്രരും പാവപെട്ട കുട്ടികളും ആണ്.   നേഴ്സിങ് മേഖലയിലേക്ക് കടന്നുവരുന്നവരെ മാത്രമല്ല വര്‍ഷങ്ങള്‍ സര്‍വീസുള്ളവരെയും തുച്ഛശമ്പളം നല്‍കി പീഡിപ്പിക്കുന്നു.

മുഖത്ത് പുഞ്ചിരിയും ഉള്ളില്‍ കനലുമായി എത്രകാലം  ഇവര്‍  "ഈ ആട് ജീവിതം" കരഞ്ഞു തീര്‍ക്കണം ?   ആശുപത്രി അധികൃതര്‍ ഡോക്ടര്‍മാരുമായി ചേര്‍ന്ന് ഈ  മാലാഖമാരെ ക്രൂരമായി പീഡിപ്പിക്കുന്നത് സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നു.  ഇവരുടെ കണ്ണീര്‍ തുള്ളികള്‍ ഈ ചൂഷകരുടെ മേല്‍ തീമഴയായി പെയ്യും...

No comments: