Friday, April 27, 2012

സ്വയം തിരുത്തുക. അല്ലെങ്കില്‍ അവര്‍ തിരുത്തും !

I don't care...     ഇതാണ് വിമര്‍ശകരോടുള്ള മമതയുടെ മറുപടി.   ഒരിക്കല്‍ വിമര്‍ശകരെയും രാഷ്ട്രീയ എതിരാളികളെയും 'കുരക്കുന്ന പട്ടികള്‍' എന്നും ആയമ്മ വിളിച്ചു.   ഇത് മമതയുടെ മാത്രം മനോഭാവം അല്ല.  ഇന്ന് രാജ്യം ഭരിക്കുന്നവരിലും അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരിലും മഹാ ഭൂരിപക്ഷവും ഇത്തരം അധികാരത്തിന്റെ 'മത്ത്' (അതോ മമതയോ?)  തലക്ക് പിടിച്ചവര്‍ ആണ്.  

വെറും നേരിയ ഭൂരിപക്ഷത്തിന് ഭരണം നടത്തുന്ന കേരളത്തിലെ മന്ത്രിമാരും ഈ കൂട്ടത്തില്‍ ഉണ്ട്.  അടുത്തകാലത്താണ് മന്ത്രി കെ. ബാബു മാധ്യമ പ്രവര്‍ത്തകരോട് ധാര്‍ഷ്ട്യത്തോടെ സംസാരിച്ചത്.  'ഹൈക്കോടതിയില്‍ സൗകര്യം ഉള്ളപ്പോള്‍ അപ്പീല്‍ കൊടുക്കും.  നിങ്ങള്‍ എന്താണെന്ന് വെച്ചാല്‍ ചെയ്തോ' എന്ന്.  

പണവും അധികാരവും ഒത്തു ചേര്‍ന്നാല്‍ ഭ്രാന്ത് ആയി മാറുമോ ?    ആവാം.  പക്ഷെ, പ്രാധാന്യം അതിനല്ല.    രാജ്യം എങ്ങോട്ട് എന്ന ചോദ്യം,   ഓരോ ഭാരതീയന്റെ മനസ്സിലും ഇടിവെട്ടുന്നു.  അഴിമതികളും കൊടുംക്രൂരതകളും നിത്യവും കണ്ട്‌ അന്തം വിട്ടു നില്‍കുന്ന ഒരു ജനത.  രാഷ്ട്രീയത്തെയും നേതാക്കന്മാരെയും പകയോടെ, തികഞ്ഞ വെറുപ്പോടെ മാത്രം നോക്കി കാണുന്ന ഒരു ജനത.   മനുഷ്യ മനസ്സുകളില്‍ നിസ്സഹായത,  നിര്‍വികാരത, ഭയപെടുത്തുന്ന നിശബ്ദത....

ഇത് പ്രതികരിക്കാനുള്ള ജനങ്ങളുടെ കഴിവില്ലായ്മ ആണെന്ന് ധരിച്ച് അഹംകരിക്കുന്ന നേതാക്കന്മാര്‍....   ഇവരുടെ ഈ അഹങ്കാരം എത്രനാള്‍ തുടരാനാവും ?

ഒരു പൊട്ടിത്തെറിയിലേക്ക് രാജ്യം നീങ്ങുന്നു എന്ന് കാണുവാന്‍ അധികം ചരിത്രബോധം വേണമെന്നില്ല.   ചുറ്റുപാടും ഒന്ന് നോക്കിയാല്‍ മതി.   അമേരിക്കയിലും യുറോപ്പിലും പശ്ചിമേഷ്യയിലും, ആഫ്രിക്കയിലും ഒക്കെ പുക ഉയരുന്നത് കാണാന്‍ ആവും.  ഇതൊന്നും ഭാരതത്തിന്റെ മണ്ണില്‍ പച്ചപിടിക്കില്ല എന്ന് ആശ്വസിക്കുകയാണ് നമ്മുടെ നാട്ടിലെ കൊള്ളക്കാര്‍.   വീണ്ടും വീണ്ടും അവര്‍ ജനങ്ങളെ യഥേഷ്ടം കൊള്ളയടിക്കുകയും കബളിപ്പിക്കയും ചെയ്യുന്നു.  കേരളത്തിലെ അഴിമതി നടത്തുന്ന മന്ത്രിമാര്‍ തന്നെ പറയുന്നു "പരാതി ഉണ്ടെങ്കില്‍ ഞങ്ങള്‍ അന്വേഷിക്കാം" എന്ന്.   എന്തൊരു ഔദാര്യം.  എത്ര സുതാര്യം... 

ഈ നിശബ്ദതയുടെ,  നിര്‍വികാരതയുടെ താഴെ പുകയുന്ന അഗ്നി പര്‍വതം ഉണ്ട്.   ജനങ്ങളുടെ, യുവതലമുറയുടെ, ക്രോധാഗ്നിയുടെ തിളയ്ക്കുന്ന ലാവ.  അത് എന്നാണ് പൊട്ടി വരുന്നത് ?  അപ്പോള്‍ രാജ്യത്തിന്റെ,  ജനാധിപത്യത്തിന്റെ ഭാവി എന്താകും ?  

അതുവരെ കാത്തിരിക്കണോ അതോ മാറ്റത്തിന് സ്വയം വിധേയമാവാണോ ?   തീരുമാനിക്കേണ്ടത് നിങ്ങള്‍ ആണ്.  നിങ്ങള്‍ മാത്രം. വെളിവോടെ, ഒരു നിമിഷം ചിന്തിക്കുവാന്‍ അധികാരം കയ്യാളുന്ന "ജനസേവകന്മാര്‍"  തയ്യാറാവണം.   ജനം ഇനിയും നിങ്ങളെ സഹിക്കാന്‍ തയ്യാറാവും.  സ്വയം തിരുത്തുക.  അല്ലെങ്കില്‍ അവര്‍ തിരുത്തും !
 

Saturday, April 21, 2012

ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രി ആക്കിയത് ലീഗ് !!


മഞ്ഞളാംകുഴി അലി മന്ത്രിയായതില്‍ വേവലാതിയും അസൂയയുമുള്ള രോഗികളെ ഉടനടി ചികിത്സിക്കണമെന്ന് പാണക്കാട് ഹൈദരി ശിഹാബ് തങ്ങള്‍.

ഈ രോഗികള്‍ കുറച്ചു ദിവസമായി ജനങ്ങളുടെ മേല്‍ മാലിന്യമിട്ട് വിഷമിപ്പിക്കുകയാണ്.  പകര്‍ച്ചവ്യാധി പിടിപെട്ടപോലെയാണ് മാലിന്യ നിക്ഷേപം.  ഇത്തരം മാലിന്യങ്ങള്‍ തുടച്ചുനീക്കാന്‍ മഞ്ഞളാംകുഴി  അലിക്ക്  കഴിയണം.  അലിയുടെ മന്ത്രിസ്ഥാനം ന്യായവും ലീഗിന് അവകാശപ്പെട്ടതുമാണ്.  അതില്‍ ആരും വേവലാതിപ്പെട്ടിട്ടോ അസൂയപ്പെട്ടിട്ടോ കാര്യമില്ല.
 
എല്ലാം സഹിച്ചും ക്ഷമിച്ചും UDF ല്‍  ലീഗ് തുടരുമെന്ന് ആരും കരുതേണ്ടെന്ന്, ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു.   ലീഗ് ആണ്  ഉമ്മന്‍ചാണ്ടിയെ  മുഖ്യമന്ത്രി ആക്കിയതെന്നും മജീദ് പരിഹസിച്ചു.   

ലീഗിന്റെ മലപ്പുറം ജില്ലാ സമ്മേളനം ഉല്‍ഘാടനം ചെയ്ത് ഇരുവരും നടത്തിയ ഈ പരാമര്‍ശങ്ങള്‍ പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തി.   ആര്യാടനടക്കം കോണ്‍ഗ്രസ്സിലും യുഡിഎഫിലുമുള്ള നേതാക്കള്‍ നടത്തിയ വിമര്‍ശനത്തെ ലീഗ് പുല്ലുപോലെ തള്ളിക്കളയുന്നുവെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് തങ്ങള്‍.    ലീഗ് വിചാരിച്ചാല്‍ ഉമ്മന്‍ചാണ്ടിയെ താഴെയിറക്കാനും കഴിയും എന്ന വ്യക്തമായ സൂചനയും ഇതിലുണ്ട്.    എന്നിട്ട് ലീഗ് എന്ത് ചെയ്യാന്‍ പോകുന്നു എന്നത് വേറെ കാര്യം !! 



Thursday, April 19, 2012

നല്ല നല്ല ഡയലോഗുകള്‍.

ഞ്ചാം മന്ത്രിക്കാര്യം സബൂര്‍ ആയതായി 20 മിനിറ്റ് ചര്‍ച്ചക്ക് ശേഷം ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും വ്യക്തമാക്കി.   ആശ്വാസം...  കാര്യം  ഇവിടംകൊണ്ട് തീരുമല്ലോ.  സാമുദായിക സന്തുലനത്തിന് ഇനി ഒരു കുഴപ്പവും ഇല്ല !!   ജനത്തിന് ഇനി എല്ലാം വെറും ഫ്ലാഷ് ബാക്ക്.    ജനത്തിന് ഒന്നും കിട്ടിയില്ല എന്ന പരാതി വേണ്ട.  സമയം കിട്ടുമ്പോഴൊക്കെ ആസ്വദിക്കാന്‍ കുറെ നല്ല നല്ല ഡയലോഗുകള്‍.   ഇതാ കേട്ടോളു.   


"ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയാല്‍,  ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ അവസാനത്തെ മുഖ്യമന്ത്രി ആയിരിക്കും."   വൈദ്യുതി മന്ത്രി ആര്യാടന്‍ ആണ് ഈ വെടി ഉതിര്‍ത്തത്.  ഫലമോ ?  ട്രാന്‍സ്പോര്‍ട്ട് വകുപ്പ് അധികമായി നല്‍കി മുഖ്യമന്ത്രി ആര്യാടനെ നമിച്ചു.

 കഴുത്തില്‍ കത്തി വെച്ചാണ് അഞ്ചാം മന്ത്രിയെ നേടിയതെന്ന് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ യൂത്ത് കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ വിഷ്ണുനാഥ് ഈ സത്യം തുറന്നുപറഞ്ഞതിന് ഒരു രാഷ്ട്രീയ സദാചാര അവാര്‍ഡ് അദ്ദേഹത്തിന് ലഭിക്കാന്‍ സാധ്യതയുണ്ട്.

  
ആര്യാടനെ പാര്‍ട്ടിക്കകത്തും പുറത്തും  ക്രൂശിക്കുന്നുണ്ടെന്ന് കെ. മുരളീധരന്‍. സംസ്ഥാന പ്രസിഡന്റിനെ കാണുമ്പോള്‍ അഖിലേന്ത്യാപ്രസിഡന്റ് മുണ്ടു താഴ്ത്തിയിടുന്ന പാര്‍ട്ടിക്കാര്‍ അധികം പറയേണ്ടെന്ന് മുരളി പറഞ്ഞു.  മന്ത്രിസ്ഥാനവും മറ്റും സാമുദായികമായി വേര്‍തിരിക്കുന്നത് ഭാവിയില്‍ വലിയ അപകടമുണ്ടാക്കും. തിരുവനന്തപുരത്ത് കൂടിയിരുന്ന് ഐക്യം പറയുകയും മറ്റു ജില്ലകളില്‍ ചെന്ന് ചീത്ത പറയുകയും ചെയ്യുന്നതാണ് ചിലരുടെ രീതിയെന്ന് ലീഗിനെ ഉദ്ദേശിച്ച് മുരളി പറഞ്ഞു.  ലീഗ് മലര്‍ന്നുകിടന്നു തുപ്പരുതും എന്നും അദ്ദേഹം പറഞ്ഞു. 


ജനങ്ങളെ വിഡ്ഡികളാക്കുന്ന ചര്‍ച്ചയാണ് കഴിഞ്ഞ ദിവസം നടത്തിയതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.   ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും രണ്ടു ധ്രുവങ്ങളിലായി.   ഇതോടെ എന്‍എസ്എസ് വീണ്ടും യുഡിഎഫിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചിരിക്കുകയാണ്.  അഞ്ചാം മന്ത്രിയെന്നത് നാണംകെട്ട ഏര്‍പ്പാട് ആണെന്ന് അദ്ദേഹം താക്കീത് ചെയ്തിരിന്നു.  


മച്ചിപ്പശുവിനെ തൊഴുത്ത്‌ മാറ്റിക്കെട്ടിയാല്‍ പ്രസവിക്കുമോ എന്ന ഒരു ചെറിയ സംശയം വെള്ളാപ്പള്ളി നടേശന്‍  പ്രകടിപ്പിച്ചിരുന്നു.  മുതലാളിയുടെ സംശയം  മാറിയോ എന്തോ? 


മുഖ്യമന്ത്രിക്കും യുഡിഎഫിനും എതിരെ ഗൂഢാലോചന നടത്തിയെന്ന പി ടി തോമസ് എംപിയുടെ ആരോപണത്തിനെതിരെയാണ് ഐ ഗ്രൂപ്പിലെ കെ പി അനില്‍കുമാര്‍ എഐസിസിക്ക് പരാതി അയച്ചത്.   കെപിസിസി നേതൃത്വത്തെ അവഹേളിക്കാനാണ് ആരോപണമെന്നാണ് മുന്‍ യുത്ത് കോണ്‍ഗ്രസ്‌ പ്രസിഡന്റിന്റെ  പരാതി.

കെപിസിസി പ്രസിഡന്റിനെ രണ്ടാംസ്ഥാനക്കാരനാക്കിയാല്‍ കോണ്‍ഗ്രസ് ദുഃഖിക്കേണ്ടി വരുമെന്നാണ് കെ സുധാകരന്‍ കണ്ണൂരില്‍ മുന്നറിയിപ്പ് നല്‍കിയത്.  

കേരളത്തില്‍ സാമുദായിക ചേരിതിരിവ് വര്‍ധിച്ചതായി കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മത സാമുദായിക സംഘടനകള്‍ക്ക് അഭിപ്രായം പറയാമെന്നും അവര്‍ പക്ഷേ വിധി പറയരുതെന്നും മുല്ലപ്പള്ളി തുടര്‍ന്നു. പാര്‍ട്ടിയില്‍ കെപിസിസി പ്രസിഡന്റാണ് ഒന്നാമനെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരില്‍ അഞ്ചു പദവി ലീഗിന് അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.   "മുമ്പും ലീഗിന് അഞ്ചുപദവി ഉണ്ടായിരുന്നു. ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയതിനെ ച്ചൊല്ലിയുള്ള വിവാദം അടഞ്ഞ അധ്യായമാണ്.   മന്ത്രിമാരുടെ വകുപ്പുമാറ്റവും ലീഗിന്റെ പുതിയ മന്ത്രിപദവുമായി ബന്ധമില്ല.  കേരളത്തില്‍ കോണ്‍ഗ്രസിനകത്ത് കെപിസിസി പ്രസിഡന്റിന്റേതാണ് അവസാനവാക്ക്."   എന്നുവച്ചാല്‍ കെപിസിസി പ്രസിഡന്റ്‌ എല്ലാക്കാര്യവും അവസാനം മാത്രം അറിയുന്ന ആള്‍....സാക്ഷാല്‍ രമേഷ്ജി !!



Tuesday, April 17, 2012

ചാള്‍സ് ഡാര്‍വിന്‍ തോറ്റോ ?.

കേരളം മലയാളികളുടെ മാതൃഭൂമി...   മനുഷ്യ സമൂഹത്തിന്റെ വികാസം പഠന വിഷയം ആയവര്‍ക്ക് കേരളം ശ്രദ്ധാകേന്ദ്രം ആയ സംസ്ഥാനം.   സാമൂഹ്യ പുരോഗതി,  ഭൂപരിഷ്കരണം,  ജീവിത നിലവാര സൂചികകള്‍,  ലോകത്തിലെ ആദ്യ കമ്മ്യുണിസ്റ്റ് ഗവണ്മെന്റ്,   ഒട്ടേറെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങള്‍, നാടിന്റെ പ്രകൃതി രമണീയത, സാഹിത്യ-സാംസ്കാരിക പൈത്രകം,  മത സഹിഷ്ണത,  സൌഹാര്‍ദ്ദം,  സമാധാനം.   പോരാ ...

ഇതാ  ഒരു പൊന്‍തൂവല്‍ കൂടി.   സംസ്ഥാന ഭരണം നിലനിര്‍ത്താന്‍,  ജാതി, മത, സാമുദായിക സംഘടനകള്‍ക്ക് മുന്നില്‍ സാഷ്ടാംഗം നമസ്കരിക്കുന്ന സംസ്ഥാനം !!

ജാതിയുടെയും സമുദായത്തിന്റെയും മതത്തിന്റെയും പേരില്‍ ചോദിച്ചാല്‍ എന്തും കൊടുക്കും.  അഞ്ചാം മന്ത്രി സ്ഥാനം മാത്രമല്ല,  സമുദായ നേതാക്കന്മാര്‍ക്ക് മുന്‍പില്‍ ആടികളിക്കുന്ന കുഞ്ഞിരാമന്‍ ആയി നമ്മുടെ പ്രീയപെട്ട മുഖ്യമന്ത്രിക്ക് പരിണാമം സംഭവിച്ചോ ?  ചാള്‍സ് ഡാര്‍വിന്‍ തോറ്റോ  ?.   കുരങ്ങന്മാരുടെ സംസ്ഥാനം ആയി കേരളം മാറിയോ ? .   ലോക ചരിത്രത്തില്‍ നമ്മുടെ കൊച്ചു സംസ്ഥാനം ഇങ്ങനെ അറിയപ്പെടാന്‍ പാടില്ല.   അല്പം വിവേകം,  അല്പം ധൈര്യം  നമ്മുടെ മുഖ്യമന്ത്രി കാണിക്കണം..  പ്ലീസ്...


Sunday, April 15, 2012

കണ്ടുകൊണ്ടിരിക്കനാവില്ല - വി എസ് അച്യുതാനന്ദന്‍



അധികാരം നിലനിര്‍ത്തുന്നതിനുവേണ്ടി യുഡിഎഫ് സര്‍ക്കാര്‍ രാജ്യത്തെ മതേതര സങ്കല്‍പ്പങ്ങളെ തകിടം മറിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.   മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ യുഡിഎഫിലെ പ്രധാന കക്ഷികള്‍ പരസ്പരം ഏറ്റുമുട്ടുന്നത് ജനങ്ങള്‍ ഏറെനാള്‍ കണ്ടുകൊണ്ടിരിക്കില്ല.  UDF  ഭരണത്തിനുകീഴില്‍ സംസ്ഥാനത്തിന്റെ ഭാവി സുരക്ഷിതമല്ല.   മണ്ണെണ്ണ, കുടിവെള്ളം, ഒപി ടിക്കറ്റ്, തുടങ്ങി എല്ലാത്തിന്റെയും വിലവര്‍ധിപ്പിക്കുകയാണ്.  ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ജനങ്ങള്‍ തയ്യാറാകണം.   കൂടംകുളം സന്ദര്‍ശിക്കുന്നതില്‍ നിന്നും പാര്‍ടി തന്നെ വിലക്കിയിട്ടില്ലെന്നും സമരസ്ഥലം സന്ദര്‍ശിക്കുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും  വിഎസ് പറഞ്ഞു.

Saturday, April 14, 2012

ഉമ്മന്‍ചാണ്ടി രാഷ്ട്രീയത്തില്‍ തുടരണം...

ശ്രീ E.T. മുഹമ്മദ്‌ ബഷീര്‍ എല്ലാവരും ബഹുമാനിക്കുന്ന വ്യക്ത്തിയാണ്.  അദ്ദേഹം ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സാമാന്യ ബുദ്ധിക്കു നിരക്കുന്നതല്ല.

അഞ്ചാം മന്ത്രി വിഷയത്തില്‍ അധികമായോ അനര്‍ഹമായതോ ലീഗ് ഒന്നും നേടിയിട്ടില്ലെന്ന് പ്രവര്‍ത്തകസമിതി യോഗത്തിനുശേഷം അദ്ദേഹം  പറഞ്ഞു.  "അഞ്ചാം മന്ത്രിസ്ഥാനം ലീഗിന് വാഗ്ദാനം ചെയ്തതാണ്. ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ ഭാഗമാണത്. ലീഗിന്റെ രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയട്ടുണ്ട്. അഞ്ചാം മന്ത്രിയെ നേടിയതില്‍ കുറ്റബോധമില്ല. അഞ്ചാം മന്ത്രിസ്ഥാനം മതസൗഹാര്‍ദം തകര്‍ക്കുമെന്ന വാദം അടിസ്ഥാനരഹിതമാണ് ".

ഈ പ്രശ്നം  ഇത്രയധികം നീട്ടിക്കൊണ്ടുപോയി വഷളാക്കിയത് പ്രതിപക്ഷം അല്ല.  ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ പാര്‍ടിയും ആണ്.  പ്രതിഷേധ കൊടുംകാറ്റ് ഉയര്‍ത്തിയത്‌ കോന്ഗ്രെസ്സിന്റെ നേതാക്കന്മാരും.  ലീഗ് അവരുടെ മന്ത്രിമാരെ പിന്‍വലിക്കും എന്ന് പറഞ്ഞതിനാല്‍ ആണ് അഞ്ചാം മന്ത്രിയെ കൊടുക്കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി സ്വയം ന്യായീകരിക്കുകയുണ്ടായി.  മന്ത്രിസഭയെ നിലനിര്‍ത്താന്‍ വേണ്ടി ചെയ്ത ഒരു വിട്ടുവീഴ്ച !! ഇതിന്റെ ഭാരം ചുമക്കേണ്ടി വരുന്നത് കേരളത്തിലെ ജനങ്ങള്‍ ആണ്.   ഖജനാവിലെ ഏഴുകോടിയിലേറെ രൂപ ഇതിനായി ചിലവഴിക്കണം.  ഖജനാവിലെ പണം മുഖ്യമന്ത്രിയുടെ സ്വകാര്യ സ്വത്ത് ആണോ ?  അതോ ലീഗിന് അര്‍ഹതപെട്ട സ്വത്തോ ?   പുതിയ മന്ത്രി സ്ഥാനാരോഹണം നടത്തിയതുകൊണ്ട് ജനങ്ങള്‍ക്ക്‌ എന്താണ് ഗുണം കിട്ടാന്‍ പോകുന്നത്.  സ്വന്തം കസേര നിലനിര്‍ത്താന്‍ വേണ്ടി എന്തും ചെയ്യും എന്ന ഹുങ്ക് ആണ് അദ്ദേഹം കാണിക്കുന്നത്.   

മന്ത്രിയെ കൊടുത്തില്ലായിരുന്നെങ്കില്‍ മത സൌഹാര്‍ദ്ദം മാത്രമല്ല പലതും കേരളത്തില്‍ തകരുമായിരുന്നു.  കേരളത്തിന്റെ സമാധാന അന്തരീക്ഷം ലീഗിന്റെയോ UDF ന്റെയോ സംഭാവനയല്ല.   അത് നിലനിര്‍ത്താന്‍ ജനങ്ങളെ ആരും പഠിപ്പികേണ്ട.   മുഖ്യമന്ത്രിയില്‍ അല്പം മാന്യത ബാക്കിയുണ്ടെങ്കില്‍,  തല ഉയര്‍ത്തിപിടിച്ച് ഈ ഭ്രാന്തന്‍ മുന്നണിയുടെ നേതൃസ്ഥാനം ഒഴിയുക.   ഉമ്മന്‍ചാണ്ടി എന്ന നേതാവ്  രാഷ്ട്രീയത്തില്‍ തുടരണം...