Friday, April 27, 2012

സ്വയം തിരുത്തുക. അല്ലെങ്കില്‍ അവര്‍ തിരുത്തും !

I don't care...     ഇതാണ് വിമര്‍ശകരോടുള്ള മമതയുടെ മറുപടി.   ഒരിക്കല്‍ വിമര്‍ശകരെയും രാഷ്ട്രീയ എതിരാളികളെയും 'കുരക്കുന്ന പട്ടികള്‍' എന്നും ആയമ്മ വിളിച്ചു.   ഇത് മമതയുടെ മാത്രം മനോഭാവം അല്ല.  ഇന്ന് രാജ്യം ഭരിക്കുന്നവരിലും അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരിലും മഹാ ഭൂരിപക്ഷവും ഇത്തരം അധികാരത്തിന്റെ 'മത്ത്' (അതോ മമതയോ?)  തലക്ക് പിടിച്ചവര്‍ ആണ്.  

വെറും നേരിയ ഭൂരിപക്ഷത്തിന് ഭരണം നടത്തുന്ന കേരളത്തിലെ മന്ത്രിമാരും ഈ കൂട്ടത്തില്‍ ഉണ്ട്.  അടുത്തകാലത്താണ് മന്ത്രി കെ. ബാബു മാധ്യമ പ്രവര്‍ത്തകരോട് ധാര്‍ഷ്ട്യത്തോടെ സംസാരിച്ചത്.  'ഹൈക്കോടതിയില്‍ സൗകര്യം ഉള്ളപ്പോള്‍ അപ്പീല്‍ കൊടുക്കും.  നിങ്ങള്‍ എന്താണെന്ന് വെച്ചാല്‍ ചെയ്തോ' എന്ന്.  

പണവും അധികാരവും ഒത്തു ചേര്‍ന്നാല്‍ ഭ്രാന്ത് ആയി മാറുമോ ?    ആവാം.  പക്ഷെ, പ്രാധാന്യം അതിനല്ല.    രാജ്യം എങ്ങോട്ട് എന്ന ചോദ്യം,   ഓരോ ഭാരതീയന്റെ മനസ്സിലും ഇടിവെട്ടുന്നു.  അഴിമതികളും കൊടുംക്രൂരതകളും നിത്യവും കണ്ട്‌ അന്തം വിട്ടു നില്‍കുന്ന ഒരു ജനത.  രാഷ്ട്രീയത്തെയും നേതാക്കന്മാരെയും പകയോടെ, തികഞ്ഞ വെറുപ്പോടെ മാത്രം നോക്കി കാണുന്ന ഒരു ജനത.   മനുഷ്യ മനസ്സുകളില്‍ നിസ്സഹായത,  നിര്‍വികാരത, ഭയപെടുത്തുന്ന നിശബ്ദത....

ഇത് പ്രതികരിക്കാനുള്ള ജനങ്ങളുടെ കഴിവില്ലായ്മ ആണെന്ന് ധരിച്ച് അഹംകരിക്കുന്ന നേതാക്കന്മാര്‍....   ഇവരുടെ ഈ അഹങ്കാരം എത്രനാള്‍ തുടരാനാവും ?

ഒരു പൊട്ടിത്തെറിയിലേക്ക് രാജ്യം നീങ്ങുന്നു എന്ന് കാണുവാന്‍ അധികം ചരിത്രബോധം വേണമെന്നില്ല.   ചുറ്റുപാടും ഒന്ന് നോക്കിയാല്‍ മതി.   അമേരിക്കയിലും യുറോപ്പിലും പശ്ചിമേഷ്യയിലും, ആഫ്രിക്കയിലും ഒക്കെ പുക ഉയരുന്നത് കാണാന്‍ ആവും.  ഇതൊന്നും ഭാരതത്തിന്റെ മണ്ണില്‍ പച്ചപിടിക്കില്ല എന്ന് ആശ്വസിക്കുകയാണ് നമ്മുടെ നാട്ടിലെ കൊള്ളക്കാര്‍.   വീണ്ടും വീണ്ടും അവര്‍ ജനങ്ങളെ യഥേഷ്ടം കൊള്ളയടിക്കുകയും കബളിപ്പിക്കയും ചെയ്യുന്നു.  കേരളത്തിലെ അഴിമതി നടത്തുന്ന മന്ത്രിമാര്‍ തന്നെ പറയുന്നു "പരാതി ഉണ്ടെങ്കില്‍ ഞങ്ങള്‍ അന്വേഷിക്കാം" എന്ന്.   എന്തൊരു ഔദാര്യം.  എത്ര സുതാര്യം... 

ഈ നിശബ്ദതയുടെ,  നിര്‍വികാരതയുടെ താഴെ പുകയുന്ന അഗ്നി പര്‍വതം ഉണ്ട്.   ജനങ്ങളുടെ, യുവതലമുറയുടെ, ക്രോധാഗ്നിയുടെ തിളയ്ക്കുന്ന ലാവ.  അത് എന്നാണ് പൊട്ടി വരുന്നത് ?  അപ്പോള്‍ രാജ്യത്തിന്റെ,  ജനാധിപത്യത്തിന്റെ ഭാവി എന്താകും ?  

അതുവരെ കാത്തിരിക്കണോ അതോ മാറ്റത്തിന് സ്വയം വിധേയമാവാണോ ?   തീരുമാനിക്കേണ്ടത് നിങ്ങള്‍ ആണ്.  നിങ്ങള്‍ മാത്രം. വെളിവോടെ, ഒരു നിമിഷം ചിന്തിക്കുവാന്‍ അധികാരം കയ്യാളുന്ന "ജനസേവകന്മാര്‍"  തയ്യാറാവണം.   ജനം ഇനിയും നിങ്ങളെ സഹിക്കാന്‍ തയ്യാറാവും.  സ്വയം തിരുത്തുക.  അല്ലെങ്കില്‍ അവര്‍ തിരുത്തും !
 

No comments: